കൊല്ലം: വാഹനാപകടത്തിൽ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം ചെങ്കോട്ട ദേശീയപാതയിലാണ് അപകടം നടന്നത്. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. കൊല്ലം കുണ്ടറ സ്വദേശി ബി.എൻ. ഗോവിന്ദ്(20), കാഞ്ഞങ്ങാട് സ്വദേശിനി ചൈതന്യ(20) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് ഗോവിന്ദും ചൈതന്യയും. തെന്മല ഭാഗത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ സംഘത്തില്‍പ്പെട്ടവരാണ് ഇവര്‍. അഞ്ചു ബൈക്കുകളിലായാണ് സംഘം എത്തിയത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ച് ചെങ്ങമനാട് ഭാഗത്തു നിന്നും അമിതവേഗത്തിലെത്തിയ മാരുതി എര്‍ട്ടിഗയും ഗോവിന്ദിന്റെ ബുള്ളറ്റും കൂട്ടി ഇടിക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

















