കാബൂൾ: അഫ്ഗാനിസ്ഥാനിൽ ആഭ്യന്തര യുദ്ധം രൂക്ഷം. തലസ്‌ഥാനത്തിന് 150 കിലോമീറ്റർ മാത്രം അകലെയുള്ള തന്ത്രപ്രധാന നഗരമായ ഗസ്‌നിയും ഭീകരർ പിടിച്ചെടുത്തതായി താലിബാൻ അറിയിച്ചു. ഒരാഴ്‌ചക്കിടെ താലിബാന് മുന്നിൽ കീഴടങ്ങുന്ന പത്താമത്തെ പ്രവിശ്യാ തലസ്‌ഥാനമാണിത്.ഗസ്നിയിലെ പ്രധാന ഓഫീസുകളായ ഗവർണറുടെ ഓഫീസ്, പൊലീസ് ആസ്ഥാനം, ജയിൽ എന്നിവയുടെ നിയന്ത്രണം ഭീകരർ ഏറ്റെടുത്തിരിക്കുകയാണ്.കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ സെൻട്രൽ ജയിൽ താലിബാൻ പിടിച്ചെടുത്തിരുന്നു.
ജയിലിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഭീകരർക്ക് മുന്നിൽ കീഴടങ്ങി. കുറ്റവാളികളെ തുറന്ന് വിടുകയും ചെയ്തു. ജയിലിലെ കുറ്റവാളികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം ഭീകരർ കാണ്ഡഹാർ ജയിലിലെത്തിയിരുന്നു. മൂവായിരത്തിലേറെ ഭീകരരാണ് ഇവിടെയുണ്ടായിരുന്നത്. ഇതിന് മുൻപ് 2008, 2011 വർഷങ്ങളിലും ഭീകരർ ജയിൽ പിടിച്ചെടുത്തു തടവുപുള്ളികളെ തുറന്നുവിട്ടിരുന്നു.
അതേസമയം കാബൂളിന് തൊട്ടടുത്തെ ഗസ്‌നിയുടെ നിയന്ത്രണം നഷ്ടമായത് സര്‍ക്കാറിന് തിരിച്ചടിയാകും. മൂന്ന് മാസത്തിനുള്ളില്‍ താലിബാന്‍ കാബൂള്‍ പിടിച്ചെടുക്കുമെന്ന യുഎസ് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. രാജ്യത്തെ ജയിലുകള്‍ പിടിച്ചെടുത്ത് ഭീകരരെ മോചിപ്പിക്കുന്നതും താലിബാന്‍ തുടരുകയാണ്.
















