കോവിഡ് മഹാമാരി ഇന്ത്യയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷത്തിലേറെയായി കോവിഡ് വൈറസ് ലോകത്തിന്റെ ഉറക്കം കെടുത്തുകയാണ്. ഇതിനെതിരേയുള്ള പോരാട്ടത്തിന്റെ ഫലമായി പ്രതിരോധ വാക്‌സിനുകള്‍ വികസിപ്പിച്ചെടുക്കാന്‍ നമുക്ക് സാധിച്ചു. ഒരു പരിധിവരെ വാക്‌സിൻ നമുക്ക് സുരക്ഷാ കവചങ്ങളാകും. ഫൈസർ,കോവാക്സിൻ ,കോവിഷീൽഡ് ,മൊഡേണ ,സ്പുട്നിക് 5 തുടങ്ങിയ വാക്‌സിനുകളാണ് നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്നത്.
എന്നാൽ രാജ്യം ഇപ്പോൾ ഏറെ ചർച്ച ചെയ്യുന്ന വിഷയം വാക്‌സിൻ ദൗർലഭ്യതയെ കുറിച്ചാണ്. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം കൂടുതല്‍ മാരകമായി മാറുമെന്നതിന് ഉദാഹരണമായി യുഎസിന്‍റെയും യൂറോപ്പിന്‍റെയും അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ടായിട്ടുപോലും ഭരണാധികാരികള്‍ മുന്‍ കരുതല്‍ നടപടികള്‍ എടുക്കാതിരിക്കുകയും വൈദ്യ മേഖലയിലെ തയ്യാറെടുപ്പുകളെ കാറ്റില്‍ പറത്തുകയും ചെയ്‌തിരിക്കുന്നു. ഇത്തരത്തിലുള്ള നിരുത്തരപരമായ തീരുമാനങ്ങളാണ് കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്തെ ഇത്രമാത്രം പിടിച്ചുലക്കാൻ ഇടയാക്കിയത്.
രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിലൂടെ വാക്‌സിൻ ദൗർലഭ്യവും ഒട്ടുമിക്ക പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്.ലോകത്ത് ആകെ നിര്‍മിക്കുന്നതിൽ 60 ശതമാനം വാക്‌സിനും ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. അത്തരം ഒരു രാജ്യം പ്രതിരോധ മരുന്നിന്‍റെ ദൗര്‍ലഭ്യത നേരിടുന്നു എന്നുള്ളത് ആരേയും ഞെട്ടിപ്പിക്കുന്ന കാര്യമാണ്. വാക്‌സിൻ കോവിഡിന്‍റെ ഭീഷണിയെ മറികടക്കുവാന്‍ സഹായിക്കും എന്നാണ് മൊത്തം ലോകവും വിശ്വസിക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും ഘട്ടങ്ങളായി നടക്കുന്ന വാക്‌സിനേഷൻ പരിപാടി ജനുവരി 16ന് തുടങ്ങിയെങ്കിലും ആദ്യഘട്ടത്തില്‍ മൂന്ന് കോടി മുന്നണി പോരാളികളില്‍ വെറും 37 ശതമാനത്തിന് മാത്രമാണ് വാക്‌സിൻ ലഭ്യമാക്കിയത്. അതിനു ശേഷം 45 വയസിനും 60 വയസിനുമിടയിലുള്ള എല്ലാവര്‍ക്കും പ്രതിരോധ മരുന്ന് നല്‍കുവാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കി. എന്നാല്‍ നിരവധി സംസ്ഥാനങ്ങള്‍ വാക്‌സിന് വേണ്ടി കേന്ദ്ര സർക്കാരിനോട് യാചിക്കുന്ന ഒരു സ്ഥിതി വിശേഷമാണ് ഇപ്പോൾ നിലവിലുള്ളത്.
കേരളത്തിന്റ കാര്യം എടുക്കുകയാണെങ്കിൽ വാക്‌സിൻ പ്രതിസന്ധിയെ തുടർന്ന് ജനജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്.സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ തുടർന്ന് ജനങ്ങൾക്ക് ഇപ്പോൾ വെളിയിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണുള്ളത് . അനുദിനം ഇല്ലാതായി കൊണ്ടിരിക്കുന്ന തൊഴിലവസരങ്ങള്‍ മൂലം ജനങ്ങള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളാണ് അനുഭവിച്ചു വരുന്നത്.
സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,21,94,304 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,57,52,365 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 64,41,939 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.88 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.35 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.ഏകദേശം 70 ശതമാനമാണ് വാക്സിന്റെ കാര്യക്ഷമത. എന്നാൽ കോവിഡ് രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ എത്തുന്നതിന് എതിരെ 100% കാര്യക്ഷമത ലഭിക്കും എന്നാണ് ഇതുവരെയുള്ള അറിവ്. പൂർണമായ രോഗ പ്രതിരോധ ശേഷി ലഭിക്കണമെങ്കിൽ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് നാല് ആഴ്ചകൾ കഴിയേണ്ടതുണ്ട്.
ഇത്തരമൊരു നിര്‍ണായക ഘട്ടത്തില്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് തലയൂരി കൈകഴുകിയിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് യുക്തിരഹിതമാണ്. പ്രതിരോധ മരുന്നുകളുടെ സ്‌റ്റോക്കുകള്‍ പരിമിതമായി തുടങ്ങിയതോടെ സാമ്പത്തിക ശേഷിയുള്ള സംസ്ഥാനങ്ങളും മറ്റുള്ള സംസ്ഥാനങ്ങളും തമ്മിൽ വാക്‌സിന് വേണ്ടി പരസ്‌പരം മത്സരിക്കുകയാണ്.എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിനേറ്റ് ചെയ്യുന്നതിനൊപ്പം ആവശ്യത്തിന് വാക്‌സിൻ എല്ലാവരിലും എത്തിക്കാൻ സര്‍ക്കാരിന് ഉറപ്പ് നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ കോവിഡ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന മരണം നിയന്ത്രിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.