മലപ്പുറം: തവനൂർ മണ്ഡലം എംഎൽഎയും മുൻമന്ത്രിയുമായ കെടി ജലീലിന് വധഭീഷണി. വാട്ട്‌സ്ആപ്പ് സന്ദേശമായാണ് വധഭീഷണി എത്തിയത്. ഹംസ എന്നയാളുടെ പേരിലാണ് വാട്ടസ്ആപ്പില്‍ ഭീഷണി ഓഡിയോ രൂപത്തിൽ എത്തിയത്. സംഭവത്തിൽ കെ ടി ജലീൽ ഡിജിപിക്ക് പരാതി നൽകി.
“എടാ ജലീലേ നീ ഇരിക്കുന്ന കൊമ്പാണ് വെട്ടുന്നതെന്ന് ഓർമ്മവേണം. നല്ലോണം ശ്രദ്ധിച്ചോ. അന്റെ സിപിഎമ്മിന്റെ കൂടെ നിന്നുള്ള ഈ പറച്ചിൽ നിർത്തിവെച്ചോ. വാഹനത്തിൽ യാത്ര ചെയ്യുന്നവനാണ് ഒന്ന് ബ്രേക്ക് ഒന്ന് ഇതായാൽ മതി. നല്ലോണം ഓർമവെച്ചോ. അന്റെ തറവാട് മാന്തും. നല്ലോണം ഓർവെച്ചോ. നീ വണ്ടിയിൽ യാത്ര ചെയ്യുന്നവനും തെണ്ടി നടക്കുന്നവനുമാണ്. നല്ല എണ്ണി ഡേറ്റും സമയവും എഴുതിവെച്ചോ. ആരാണ് പറയുന്നത് എന്ന് അറിയാമോ ഹംസ” എന്നാണ് സന്ദേശം.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കെടി ജലീല്‍ ഡിജിപിക്ക് പരാതി നല്‍കി. മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കഴിഞ്ഞ ദിവസം കെ ടി ജലീൽ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ സൈബർ ഇടങ്ങളിൽ അദ്ദേഹത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് ആക്രമങ്ങൾ നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് വധഭീഷണിയും എത്തിയത്.

















