തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റം. പത്തിൽ കൂടുതൽ അംഗങ്ങളുള്ള കൂട്ടുകുടംബത്തിൽ കോവിഡ് ക്ലസ്റ്റർ ഉണ്ടായാൽ അവിടെ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ആക്കാനാണ് തീരുമാനം. അഞ്ചിൽ കൂടുതൽ രോഗികൾ ഉണ്ടെങ്കിലാണ് ക്ലസ്റ്റർ ആയി കണക്കാക്കുക. ഏഴ് ദിവസത്തേക്കായിരിക്കും കണ്ടെയ്ൻമെന്റ് നിയന്ത്രണം. വാർഡ് മുഴുവൻ അടയ്ക്കുന്നതിന് പകരം സൂക്ഷ്മ തലത്തിലേക്ക് പോകാനാണ് പുതിയ മാറ്റം.
സംസ്ഥാനത്ത് നിലവില്‍ വാര്‍ഡ് അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നതും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതും. എന്നാല്‍ ഇനി മുതല്‍ വാര്‍ഡ് അടിസ്ഥാനത്തിലല്ല, രോഗവ്യാപനമുണ്ടെങ്കില്‍ ഏത് ചെറിയ പ്രദേശത്തേയും കുടുംബത്തെ പോലും മൈക്രോ കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിക്കാം എന്നാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്.
ഹൗസിങ് കോളനികള്‍, ഷോപ്പിങ് മാളുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, മാര്‍ക്കറ്റ്, മത്സ്യവിപണന കേന്ദ്രം, ഫ്ളാറ്റ് തുടങ്ങി ഏത് പ്രദേശത്തും രോഗവ്യാപനമുണ്ടായാല്‍ മൈക്രോ കണ്ടെന്‍മെന്റ് സോണാക്കി മാറ്റാം. 10 അംഗങ്ങളുള്ള കുടുംബത്തില്‍ രോഗവ്യാപനമുണ്ടായാല്‍ അതും മൈക്രോ കണ്ടെന്‍മെന്റ് സോണാക്കി കണക്കാക്കി നിയന്ത്രണ നടപടികള്‍ കൈക്കൊള്ളാം.
ഒറ്റ ദിവസം 100 മീറ്റര്‍ പ്രദേശത്ത് അഞ്ച് പേര്‍ക്ക് രോഗവ്യാപനമുണ്ടായാല്‍ അവിടം മൈക്രോ കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിച്ച് നടപടികള്‍ സ്വീകരിക്കാമെന്നാണ് പുതുക്കിയ ഉത്തരവ്. തെരുവുകള്‍, ആളുകള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലങ്ങള്‍ തുടങ്ങി ഏത് ചെറിയ പ്രദേശത്തും ഇത്തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്താം.
പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയാണ് നിലവിൽ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്നത്തെ ആരോഗ്യവകുപ്പ് അറിയിപ്പനുസരിച്ച് 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
ഇതിനിടെ, സംസ്ഥാനത്ത് ഇന്ന് 21,445 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 160 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,280 ആയി.

















