കൊച്ചി: ആലപ്പുഴ കോടതിയില്‍ അഭിഭാഷകയായി ആള്‍മാറാട്ടം നടത്തിയ സെസി സേവ്യറിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് കോടതി അറിയിച്ചു. ജാമ്യാപേക്ഷ ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
അതേസമയം, ആള്‍മാറാട്ടം, വഞ്ചന ഉള്‍പ്പെട ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ വഞ്ചന കുറ്റം ചുമത്തിയതിന് പിന്നില്‍ ദുരുദ്ദേശമുണ്ടെന്നും മനപ്പൂര്‍വ്വം ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസി കോടതിയില്‍ പറഞ്ഞു. അതിനിടെ, സെസിക്കെതിരെ ആലപ്പുഴ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ നോര്‍ത്ത് പൊലീസ് കേസടുത്ത് അന്വേഷണം നടത്തി വരുകയാണ്. കൂടുതല്‍ വ്യാജ അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടോയെന്ന സംശയത്തില്‍ സമഗ്ര പരിശോധന നടത്താനും കേരള ബാര്‍ കൗണ്‍സില്‍ ആലോചിക്കുന്നുണ്ട്. അതേസമയം, ഇക്കഴിഞ്ഞ ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ പിന്തുണയോടെ മത്സരിച്ച സെസി വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

















