സ്ത്രീകള്‍ക്കിടയില്‍ കൂടുതലായി കാണപ്പെടുന്ന ക്യാന്‍സര്‍ ആണ് സ്തനാര്‍ബുദം. 35 നും 55 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയാണ് രോഗം കൂടുതലായി ബാധിക്കുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശ്വാസകോശാര്‍ബുദം കഴിഞ്ഞാല്‍ കൂടുതലായി കാണുന്നത് സ്തനാര്‍ബുദത്തിനാണ്. വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, പുകവലി, മദ്യപാനം എന്നിവ ശ്രദ്ധിച്ചാല്‍ സ്തനാര്‍ബുദ സാധ്യത ഒരു പരിധി വരെ ഒഴിവാക്കാം.
വേദനയുള്ളതോ അല്ലാത്തതോ ആയ വിവിധ വലിപ്പത്തിലുള്ള മുഴകള്‍, കല്ലിപ്പ്, സ്തനങ്ങളുടെ തൊലിപ്പുറത്തുണ്ടാകുന്ന നിറവ്യത്യാസം, വ്രണങ്ങള്‍, കുത്തുകള്‍ പോലെയുള്ള പാടുകള്‍, മുലഞെട്ട് അല്ലെങ്കില്‍ മുലക്കണ്ണ് അകത്തേയ്ക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ തുടങ്ങിയവ ശ്രദ്ധിക്കണം. കൂടാതെ കക്ഷത്തിലും കഴുത്തിലും ഉണ്ടാകുന്ന മുഴകള്‍, വീക്കം എന്നിവയും ശ്രദ്ധിക്കാതെ പോകരുത്.
അതേസമയം, സ്തനങ്ങളില്‍ കാണപ്പെടുന്ന എല്ലാ മുഴകളും സ്തനാര്‍ബുദത്തിന്റെ ലക്ഷണമായി കണക്കാക്കാന്‍ കഴിയില്ല. എന്നിരുന്നാലും സംശയം തോന്നുന്ന മുഴകള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ മടിക്കരുത്. അതേസമയം, സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങളെക്കുറിച്ചും രോഗം കണ്ടുപിടിക്കേണ്ട വിധങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമെല്ലാം സ്ത്രീകള്‍ക്ക് ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന ഒക്ടോബര്‍ മാസം സ്തനാര്‍ബുദമാസമായി ആചരിക്കുന്നത്.
















