തിരുവനന്തപുരം: ഡോളര്‍കടത്ത് കേസിൽ വിദേശത്തേക്കു പണം കടത്തിയെന്ന മൊഴിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയ്ക്കു പുറത്ത് പ്രതീകാത്മകമായി അടിയന്തര പ്രമേയം അവതരിപ്പിച്ചു.സത്യസന്ധത തെളിയിച്ചാൽ ക്യാപ്റ്റനോ ദൈവമോ ആവ്വാം, ഇല്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കാലചക്രം തിരിഞ്ഞു വന്നു. മുഖ്യമന്ത്രി കേസിൽ പ്രതിയാകണം. മുഖ്യമന്ത്രിക്ക് ഡോളർക്കടത്തിൽ പങ്കുണ്ടെന്ന സ്വപ്നയുടെ മൊഴി വിശ്വസനീയമാണ്. മുഖ്യമന്ത്രിക്ക് ഭയമാണെന്നും വി ഡി സതീശൻ ആരോപിച്ചു. സ്വപനയെ അറിയില്ല എന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞുവെന്ന് പി ടി തോമസ് പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് സത്യസന്ധത തെളിയിക്കാനുള്ള അവസരമാണ് ഇതെന്നും മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം വിഷയത്തിൽ സഭാ നടപടികൾ ബഹിഷ്കരിച്ച പ്രതിപക്ഷം, സഭാ കവാടത്തിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തിരുന്നു. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ടി. തോമസ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നൽകിയത്. ചോദ്യോത്തര വേള കഴിഞ്ഞതിനു പിന്നാലെ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല.കോടതിയുടെ മുന്നിലുള്ള വിഷയമായതിനാൽ അനുമതി നൽകാനാവില്ലെന്നായിരുന്നു സ്പീക്കർ എം.ബി. രാജേഷ് ഇക്കാര്യത്തിൽ വിശദീകരിച്ചത്.

















