കാബൂൾ: അഫ്ഗാനിസ്ഥാനിൽ കാണ്ഡഹാർ സെൻട്രൽ ജയിൽ പിടിച്ചെടുത്ത് താലിബാൻ. കാണ്ഡഹാർ സെൻട്രൽ ജയിലാണ് ബുധനാഴ്ച താലിബാൻ ഭീകരർ പിടിച്ചെടുത്തത്. ജയിൽ പിടിച്ചെടുത്തതായി താലിബാൻ വക്താവ് ക്വരി യൂസഫ് അഹ്മദി സ്ഥിരീകരിച്ചു.ആയിരത്തോളം കുറ്റവാളികളെ ജയിലിൽ നിന്നും തുറന്നുവിടുകയും ചെയ്തു.ജയിലിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കീഴടങ്ങി. 200 ഓളം താലിബാൻ ഭീകരരാണ് ജയിലിൽ ഉണ്ടായിരുന്നത്. ഇതാദ്യമായല്ല താലിബാൻ കാണ്ഡഹാർ ജയിൽ ആക്രമിക്കുന്നത്. 2008ലും 2011ലും സമാനസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
അതേസമയം അഫ്ഗാൻ സൈന്യം തിരിച്ചടി തുടരുമ്പോഴും രാജ്യത്തിന്റെ പല മേഖലകളിലും പിടിമുറുക്കി താലിബാൻ. നിലവിൽ ഫൈസാബാദ്, ഫറ, പുലി ഖുമുരി, സാരെ പുൾ,ഷേബർഖാൻ, ഐബക്, കുന്ദൂസ്,തലൂഖാൻ, സരഞ്ജ് എന്നിങ്ങനെ ഒമ്പത് പ്രവിശ്യ കേന്ദ്രങ്ങൾ താലിബാന്റെ നിയന്ത്രണത്തിലാണ്. ഒരാഴ്ചയ്ക്കിടെയാണ് രാജ്യത്തെ 34 പ്രവിശ്യ തലസ്ഥാനങ്ങളിൽ ഒമ്പതെണ്ണവും നിയന്ത്രണത്തിലാക്കിയത്. അഫ്ഗാനിസ്താനിൽ 34 പ്രവിശ്യകളും 421 ജില്ലകളുമാണുള്ളത്.
















