ഡോളർ കടത്ത് കേസിൽ സരിത്തിന് കസ്റ്റംസ് നൽകിയ മൊഴി നിയമസഭയിൽ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം. ഇന്ന് ഈ വിഷയത്തിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
യുഎഇ സന്ദർശനത്തിനിടെ മുഖ്യമന്ത്രിക്ക് കൈമാറാനായി പണമടങ്ങിയ പാക്കറ്റ് വിദേശത്തേക്ക് കൊണ്ടുപോയെന്നാണ് നയതന്ത്ര ബാഗിലൂടെയുളള സ്വർണക്കളളക്കടത്ത് കേസിലെ പ്രതികൂടിയായ സരിത്തിന്‍റെ മൊഴിയിലുളളത്. പ്രതികൾക്ക് കംസ്റ്റംസ് നൽകിയ ഷോകോസ് നോട്ടീസിലാണ് ഇക്കാര്യമുളളത്. ഡോളർ കടത്തുകേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപായി പ്രതികൾക്ക് കസ്റ്റംസ് നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ് കണ്ടെത്തലുകൾ ഒന്നൊന്നായി വിവരിക്കുന്നത്.
സെക്രട്ടേറിയറ്റിൽ നിന്നും ഒരു പൊതി കൈപ്പറ്റാൻ സ്വപ്‍ന സുരേഷ് നിർദേശിച്ചു. വിദേശത്തേക്ക് കൊ്ണ്ടുപോകേണ്ട ഒരു പാക്കറ്റ് എടുക്കാൻ മുഖ്യമന്ത്രി മറന്നെന്നും സെക്രട്ടേറിയറ്റിൽ പോയി കൈപ്പറ്റണമെന്നുമായിരുന്നു നിർദേശം. സെക്രട്ടറേയറ്റിൽ പോയി ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലെ ഹരികൃഷ്ണനിൽ നിന്ന് പാക്കറ്റ് ഏറ്റുവാങ്ങി. ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ പാക്കറ്റ് കോൺസുലേറ്റിൽ കൊണ്ടുവന്നു. എന്താണ് ഉളളിലുളളതെന്നറിയാൻ കൗതുകം തോന്നി. കോൺസുലേറ്റിൽ സ്കാനറിൽ വെച്ച് പാക്കറ്റ് പരിശോധിച്ചു. അതിനുളളിൽ കെട്ടുകണക്കിന് പണമായിരുന്നു എന്നാണ് സരിത്തിന്‍റെ മൊഴി.

















