തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിജിലൻസ് അന്വേഷിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കേരള ബാങ്കുമായി ചേർന്ന് പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. അതിനിടെ, കേസുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിലെ 14 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഓഡിറ്റ് ജനറല്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. 2014 – 15 സാമ്പത്തിക വര്‍ഷത്തിലാണ് ബാങ്കില്‍ ആദ്യമായി ക്രമക്കേട് കണ്ടെത്തിയത്. എന്നാല്‍ ഇതുതടയാന്‍ ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബാങ്ക് ഓഡിറ്റ് റിപ്പോർട്ട് പ്രകാരമുള്ള നടപടികളൊന്നും ബാങ്കിൽ നടത്തിയിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ചില ഉദ്യോഗസ്ഥർ ക്രമക്കേടുകൾ കണ്ടിട്ടും അതിനെതിരേ മൗനം പാലിച്ചതായും റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്. ഇതുമായി ബന്ധപ്പെട്ട് തുടർ നടപടികളിലേക്ക് കടക്കാനും ഉദ്യോഗസ്ഥർ തയാറായില്ല. ഇതിനെല്ലാം കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെയാണ് ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നത്.

















