കാബൂള്‍: അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കി താലിബാൻ. ഒരു സൈനിക ആസ്ഥാനവും താലിബാൻ കൈക്കലാക്കി. കഴിഞ്ഞ ഒരാഴ്ചക്കിടെ 6 പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാൻ പിടിച്ചെടുത്തിരുന്നത്. ഇപ്പോൾ രാജ്യത്തിൻ്റെ മൂന്നിൽ രണ്ട് പ്രദേശങ്ങളും താലിബാൻ്റെ അധീനതയിലാണ്. 30 ദിവസത്തിനുള്ളിൽ കാബൂളിനെ ഒറ്റപ്പെടുത്തി 90 ദിവസത്തിനുള്ളിൽ താലിബാൻ രാജ്യതലസ്ഥാനം പിടിച്ചടക്കുമെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ 65 ശതമാനം ഭാഗങ്ങളും ഇവര്‍ പിടിച്ചെടുക്കുകയും പതിനൊന്നോളം പ്രവിശ്യകളിലെങ്കിലും നേരിട്ട് ഭരണം നടത്തുകയും ചെയ്യുന്നുണ്ട്.
ആറ് മാസത്തിനകം അഫ്ഗാന്‍ സര്‍ക്കാര്‍ വീഴുമെന്ന് അമേരിക്കന്‍ രഹസ്യന്വേഷണ വിഭാഗം മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍ വിചാരിച്ചതിലും വേഗത്തിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ആധിപത്യം നേടുന്നതെന്നാണ് പുതിയ അറിവ്. എന്നാല്‍ തങ്ങളുടെ നിഗമനങ്ങള്‍ മുന്‍കൂട്ടിയുളളതല്ലെന്നും അഫ്ഗാന്‍ സൈന്യം എപ്പോള്‍ വേണമെങ്കിലും തിരിച്ചടിക്കാമെന്നും അമേരിക്ക കണക്കാക്കുന്നുണ്ട്.
20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യത്തെ അഫ്‌ഗാനില്‍ നിന്ന് തിരികെവിളിച്ച തന്റെ തീരുമാനത്തില്‍ ഖേദമില്ലെന്ന് മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു. അഫ്ഗാന്‍ സൈന്യത്തിലെ ആള്‍ബലം താലിബാനെക്കാള്‍ വളരെക്കൂടുതലാണെന്നും അവര്‍ യുദ്ധ തല്‍പരരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
സേനയെ പിൻവലിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തുള്ള അമേരിക്കൻ പൗരന്മാരോട് എത്രയും പെട്ടെന്ന് മടങ്ങാൻ യു.എസ്. എംബസി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തുന്ന അതിക്രമങ്ങൾ ചർച്ചചെയ്യാൻ വ്യാഴാഴ്ച ഖത്തറിലെ ദോഹയിൽ ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ ചർച്ചയിൽ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി പങ്കെടുക്കുമെന്നാണ് വിവരം. ഇതിനിടെ അഫ്ഗാനിസ്ഥാൻ്റെ ഇടക്കാല ധനമന്ത്രി ഖാലിദ് പയേന്ദ വിരമിച്ച് രാജ്യം വിട്ടു എന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.
















