തിരുവനന്തപുരം: സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 86,960 ഡോസ് കോവാക്‌സിനുമാണ് എത്തിയത്.
തിരുവനന്തപുരം 1,69,500, എറണാകുളം 1,96,500, കോഴിക്കോട് 1,34,000 എന്നിങ്ങനെ ഡോസ് കോവീഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 29,440 എറണാകുളം 34,240, കോഴിക്കോട് 23,280 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. ഇതിന് പുറമേ എറണാകുളത്ത് 3 ലക്ഷം കോവീഷീല്‍ഡ് കൂടിയെത്തി.
ചില കേന്ദ്രങ്ങളില്‍ രാത്രിയോടെയാണ് വാക്‌സിന്‍ എത്തുക. ഇതോടെ സംസ്ഥാനത്തിനാകെ 1,94,56,490 ഡോസ് വാക്‌സിനാണ് ലഭ്യമായത്. ഇതില്‍ 13.42 ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനം വാങ്ങിയതാണ്.
സംസ്ഥാനത്ത് 60 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും 18 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇന്ന് മാത്രം 60 വയസിന് മുകളിലുള്ള ഒന്നേകാല്‍ ലക്ഷത്തിലധികം ആളുകള്‍ക്ക് ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്. ഇതുള്‍പ്പെടെ ഇന്ന് ആകെ 2,37,528 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

















