ന്യൂഡല്‍ഹി: മരട് ഫ്ലാറ്റുടമകള്‍ക്കുള്ള നഷ്ടപരിഹാരത്തുക നല്കാന് നിര്‍മാണ കമ്പനികള്‍ക്ക് മൂന്നു മാസം കൂടി സുപ്രീംകോടതി സമയം നല്കി. മൂന്നു മാസത്തിനുള്ളില്‍ നഷ്ടപരിഹാര കുടിശിക നല്‍കിയില്ലെങ്കില്‍ റവന്യു റിക്കവറി അടക്കമുള്ള നടപടികളിലേക്ക് പോകുമെന്നും സുപ്രീംകോടതി ബഞ്ച് മുന്നറിയിപ്പ് നല്കി.
നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ഫ്ലാറ്റുടമകള്‍ക്ക് യാതൊരു ആശങ്കയും വണ്ടെന്നും നിര്‍മാണ കമ്പനികള്‍ കോടതിയുടെ നിരീക്ഷണത്തില്‍ തന്നെയാണെന്നും വ്യക്തമാക്കി. ഫ്ലാറ്റുടമകള്‍ക്ക് നല്‍കാനുള്ള പണം നല്‍കിയശേഷം സര്‍ക്കാരിന്റെ കുടിശിക നല്കിയാല് മതിയെന്നും പറഞ്ഞു.
നഷ്ടപരിഹാരം നല്‍കാനായി ചിലവിട്ട പണത്തിന് പുറമെ ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കാന്‍ ചെലവാക്കിയ മൂന്ന് കോടി രൂപ കൂടി നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നവംബര്‍ മാസത്തില്‍ കോടതി വാദം കേള്‍ക്കും.

















