തിരുവനന്തപുരം: ടോക്യോ ഒളിപിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിനുശേഷം കായിക മന്ത്രി വി അബ്ദുള്‍ റഹിമാനാണ് വാര്‍ത്താസമ്മേളനത്തില്‍ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചത്.
ശ്രീജേഷിന് വിദ്യാഭ്യാസവകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് നിന്നും ജോയന്‍റ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒളിംപിക്സിൽ പങ്കെടുത്ത മുഴുവൻ മലയാളികൾക്കും പ്രോത്സാഹനമായി അഞ്ച് ലക്ഷം രൂപയും നൽകും.
ഒളിമ്പിക്സിൽ പങ്കെടുത്ത മറ്റു എട്ട് മലയാളികൾക്ക് അഞ്ച് ലക്ഷം രൂപ പ്രോത്സാഹന സമ്മാനവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിലാണ് പി.ആര്‍ ശ്രീജേഷടക്കമുള്ള താരങ്ങള്‍ക്ക് പാരിതോഷികം നല്‍കാന്‍ തീരുമാനിച്ചത്.
നേരത്തെ പി.ആര്‍ ശ്രീജേഷിന് പാരിതോഷികം ഒന്നും തന്നെ പ്രഖ്യാപിക്കാത്തതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതെല്ലാം തന്നെ കാര്യമറിയാതെയുള്ള വിമർശനങ്ങൾ ആയിരുന്നുവെന്നും മന്ത്രിസഭ യോഗമാണ് തീരുമാനം എടുക്കേണ്ടതെന്നും മെഡൽ നേടിയതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഉചിതമായ തീരുമാനം എടുത്തതായും മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു. കായിക രംഗത്ത് വിപുലമായ നയം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി.
നാലു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിന് വിരാമമിട്ട് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഒളിപിക് മെഡല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി ഗോള്‍കീപ്പറാണ് പി.ആര്‍. ശ്രീജേഷ്. ടോക്കിയോയില്‍ ജര്‍മനിക്കെതിരായ വെങ്കല മെഡല്‍ വിജയത്തില്‍ ഇന്ത്യയുടെ വന്മതിലായ ശ്രീജേഷിന്‍റെ മിന്നും പ്രകടനമായിരുന്നു.

















