കൊച്ചി: പിണറായി സര്‍ക്കാരിന് തിരിച്ചടി. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ ജുഡിഷ്യല്‍ അന്വേഷണത്തിന് ഇടക്കാല സ്റ്റേ. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡിഷ്യല്‍ അന്വേഷണം നടത്താനാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനാണ് ഇതോടെ തിരിച്ചടിയായത്. ഇഡി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ജസ്റ്റിസ് വികെ മോഹനന്‍ കമ്മീഷന്‍ നിയമനം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഹര്‍ജി നല്‍കിയത്.
അതേസമയം, കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നും ഇഡി കോടതിയില്‍ വാദിച്ചു. സ്വര്‍ണക്കടത്തിലെ അന്വേഷണം അട്ടിമറിയ്ക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്’. അതുകൊണ്ട് അന്വേഷണം സ്റ്റേ ചെയ്യണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇഡിയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വകുപ്പ് മാത്രമാണെന്നും അങ്ങനെ ഒരു വകുപ്പിന് സംസ്ഥാന സര്‍ക്കാരിന് എതിരെ ഹര്‍ജി നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

















