കൊച്ചി:കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ കാവ്യ മാധവൻ കൂറുമാറിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. പ്രോസിക്യൂഷൻ്റെ ക്രോസ് വിസ്താരമാണ് ഇപ്പോൾ നടക്കുന്നത്. വിസ്താരം ഇന്നും തുടരും.കേസിൽ കാവ്യാ മാധവൻ 34-ാം സാക്ഷിയായിരുന്നു.
കേസിന്റെ വിചാരണം കുറച്ച് നാളത്തേക്ക് നിർത്തിവച്ചിരിക്കുകയായിരുന്നു. ഇന്നലെ വിസ്താരം ആരംഭിച്ചപ്പോൾ കാവ്യാ മാധവൻ എത്തിയിരുന്നു. എന്നാൽ കാവ്യ നൽകിയ ചില മറുപടികളാണ് ഇപ്പോൾ താരത്തെ കൂറുമാറിയതായി പ്രഖ്യാപിക്കാൻ പ്രോസിക്യൂഷനെ പ്രേരിപ്പിച്ചത്. കാവ്യയെ ക്രോസ് വിസ്താരത്തിന് വിധേയയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചിട്ടുണ്ട്.
സിനിമ സംഘടനയായ അമ്മയുടെ സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സൽ ക്യാമ്പിനിടെ നടിയും കേസിൽ പ്രതിയായ നടൻ ദിലീപും തമ്മിൽ വാക്കുതർക്കം ഉണ്ടായപ്പോൾ സംഭവ സ്ഥലത്ത് കാവ്യ ഉണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു. ഇത് സാധൂകരിക്കാനാണ് കാവ്യയെ പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. മുന്നൂറിലേറെ സാക്ഷികളുള്ള കേസിൽ ഇതുവരെ 178 പേരുടെ വിസ്താരമാണ് പൂർത്തിയായത്.

















