തിരുവനന്തപുരം: ഒളിമ്പിക്സ് മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പി ആർ ശ്രീജേഷിനുള്ള പാരിതോഷികവും മറ്റു പ്രോത്സാഹനങ്ങളും നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്ന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ. ശ്രീജേഷിനെ സംസ്ഥാന സര്‍ക്കാര്‍ തഴഞ്ഞെന്നുള്ളത് അവാസ്തവ പ്രചാരണമാണെന്നും കായിക താരങ്ങള്‍ക്ക് ഏറെ പ്രോത്സാഹനം നല്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
ഒരു സര്‍ക്കാരിന്റെ നയം തീരുമാനിക്കുന്നത് മന്ത്രിസഭാ യോഗത്തിലാണ്. ശ്രീജേഷ് മെഡല്‍ നേടിയതിന് ശേഷം മന്ത്രിസഭാ യോഗം നടന്നിട്ടില്ല. മന്ത്രിസഭാ യോഗമാണ് ഇത്തരം പ്രഖ്യാപനങ്ങളെല്ലാം നടത്തുന്നത്.
കായിക താരങ്ങള്‍ക്ക് വേണ്ട വിധത്തിലുള്ള എല്ലാ പ്രോത്സാഹനവും ചെയ്യുന്നുണ്ട്. ഒളിമ്പിക്സിന് പോയ മലയാളി താരങ്ങള്‍ക്കെല്ലാം മുന്‍കൂറായി സാധനങ്ങളും മറ്റും വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്.
ശ്രീജേഷ് കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൂടിയാണ്. അതുംകൂടി പരിഗണിക്കുമെന്നും കായികമന്ത്രി കൂട്ടിച്ചേര്‍ത്തു.

















