കൊച്ചി: ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ സമ്മാനിച്ച മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷ് കൊച്ചി വിമാനത്താവളത്തിലെത്തി. കായിക മന്ത്രി വി അബ്ദുറഹ്മാന്‍ നേരിട്ടെത്തിയാണ് മലയാളികളുടെ അഭിമാനമായ ശ്രീജേഷിനെ സ്വീകരിച്ചത്. ശ്രീജേഷിന്റെ അച്ഛനും അമ്മയും ഭാര്യയും അടക്കമുള്ള കുടുംബാംഗങ്ങളും അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
അതിനിടെ സംസ്ഥാന സര്‍ക്കാരും ശ്രീജേഷിന് ഔദ്യോഗിക സ്വീകരണം ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, ഒളിംപിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. കൂടാതെ ജന്‍മനാടായ കിഴക്കമ്പലത്തേക്ക് പോകുന്ന ശ്രീജേഷിന് അവിടെയും സ്വീകരണം ഒരുക്കിയിട്ടുണ്ട്. അതേസമയം, രാജ്യത്തിന്റെ അഭിമാനമായ താരത്തിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കുന്നത് വൈകുന്നതില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

















