കാസര്‍കോട്: കാസര്‍കോട് ഉളിയത്തടുക്കയില്‍ പതിമൂന്ന് വയസുകാരി പീഡിപ്പിച്ച കേസില്‍ അമ്മയും അച്ഛനും അറസ്റ്റില്‍. പീഡന വിവരം മറച്ച് വച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. രണ്ട് പേരേയും കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ഇതുവരെ കേസില്‍ 11 പേരെയാണ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ 25 നായിരുന്നു സംഭവം. ഉളിയത്തടുക്ക റഹ്മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടില്‍ വച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഇതില്‍ നാല് പേര്‍ അറസ്റ്റിലായിരുന്നു. അതേസമയം, നിരവധി പേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. രണ്ട് വര്‍ഷമായി പ്രതികള്‍ പല സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായത് മാതാപിതാക്കള്‍ മറച്ച് വച്ച വിവരം പുറത്ത് വന്നത്. നിലവില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് പെണ്‍കുട്ടി.

















