കണ്ണൂര്‍: ഇ-ബുള്‍ ജെറ്റിനെതിരെ കൂടുതല്‍ നടപടികളുമായി പൊലീസ്. വ്‌ലോഗര്‍ സഹോദരന്മാര്‍ അപ്ലോഡ് ചെയ്ത വീഡിയോകളില്‍ ചിലതില്‍ നിയമലംഘന നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടതിനാല്‍ ഇതു സംബന്ധിച്ച് യൂട്യൂബിന് റിപ്പോര്‍ട്ട് നല്‍കുന്ന കാര്യം പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. ഇവരുടെ അറസ്റ്റിനെത്തുടര്‍ന്നു പൊലീസിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം സംബന്ധിച്ചു വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, വ്‌ലോഗര്‍ സഹോദരന്മാര്‍ ഇതുവരെ അപ്ലോഡ് ചെയ്ത വിഡിയോകള്‍ എല്ലാം പരിശോധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അവ ഡിലീറ്റ് ചെയ്യാതിരിക്കാന്‍ യൂട്യൂബിന് ഫ്രീസിങ് റിക്വസ്റ്റ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിനു പുറത്തു യാത്ര ചെയ്ത സമയത്ത് ആംബുലന്‍സ് സൈറണ്‍ ഉപയോഗിച്ച് അതിവേഗം കടന്നുപോകുന്നതും ടോള്‍ നല്‍കാതെ പോയതും പത്രപ്രവര്‍ത്തകരാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍ പ്രസ് സ്റ്റിക്കര്‍ ഉപയോഗിച്ചതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ഉള്‍പ്പെടെ മുഴുവന്‍ വിഡിയോകളും പരിശോധിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. അതേസമയം, ഇ ബുള്‍ ജെറ്റ് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണര്‍ അറിയിച്ചു. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെന്‍സ് റദ്ദ് ചെയ്യാനും തീരുമാനമായി. ട്രാന്‍സ്പോര്‍ട് കമ്മീഷ്ണര്‍ എഡിജിപി എംആര്‍ അജിത് കുമാറാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്.
വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്. ആഡംബര നികുതിയില്‍ വന്ന വ്യത്യാസം ഇ ബുള്‍ജെറ്റ് സഹോദരങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. വാഹനത്തിനു ബോഡിക്ക് പുറത്ത് തള്ളിനില്‍ക്കുന്ന പാര്‍ട്ട്‌സ് പാടില്ല എന്നാണ് നിയമം. എന്നാല്‍ ഈ നിയമവും ഇ-ബുള്‍ജെറ്റ് ലംഘിച്ചിട്ടുണ്ട്. അംഗീകൃത വാഹനങ്ങളില്‍ മാത്രമേ സെര്‍ച്ച് ലൈറ്റ് പാടുള്ളൂ. പക്ഷേ വാഹനത്തില്‍ അതും കണ്ടെത്തിയിട്ടുണ്ടെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പദ്മലാല്‍ അറിയിച്ചു.

















