തിരുവനന്തപുരം: ആറ്റിങ്ങലില്‍ നഗരസഭാ ജീവനക്കാരുടെ അക്രമം. മീന്‍ വില്‍പ്പനക്കാരിയുടെ വില്‍പ്പന തടഞ്ഞ് മീന്‍ തട്ടിത്തെറിപ്പിച്ചു. ആറ്റിങ്ങലിലെ അവനവഞ്ചേരിയില്‍ മീന്‍ വില്‍പ്പന നടത്തുന്ന അഞ്ചുതെങ്ങ് സ്വദേശി അല്‍ഫോന്‍സ വില്‍പ്പനയ്ക്ക് വെച്ചിരുന്ന മീനാണ് നഗരസഭാ ജീവനക്കാര്‍ വലിച്ചെറിഞ്ഞത്. എന്നാല്‍ തട്ടിത്തെറിപ്പിച്ചിട്ടില്ലെന്നും മീന്‍കുട്ട നഗരസഭയുടെ വാഹനത്തില്‍ കേറ്റുന്നതിനിടെ ഉണ്ടായ ബഹളത്തില്‍ സംഭവിച്ചതാണെന്നും ജീവനക്കാര്‍ വാദിക്കുന്നു. അനുമതി ഇല്ലാത്ത സ്ഥലത്തായിരുന്നു അല്‍ഫോന്‍സയുടെ മീന്‍ വില്‍പ്പനയെന്നും ജീവനക്കാര്‍ പറഞ്ഞു. താക്കീത് നല്‍കിയിട്ടും അത് അവഗണിച്ച് അല്‍ഫോന്‍സ വില്‍പ്പന നടത്തുക ആയിരുന്നെന്നാണ് നഗരസഭയുടെ വാദം.

















