തിരുവനന്തപുരം :കഴക്കൂട്ടത്ത് വീടിന് സമീപം നിന്ന യുവാവിനെ പോലീസ് മർദ്ദിച്ചതായി പരാതി. കഴക്കൂട്ടം സ്വദേശി ഷിബുകുമാറിനെയാണ് പൊലീസ് മർദിച്ചത്. സംഭവത്തെ തുടർന്ന് ഷിബുകുമാർ ഡി.ജി.പി.ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി.ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്.
നിർമ്മാണ പ്രവർത്തികൾ നടക്കുന്ന പുതിയ വീട്ടിൽ പോയി മടങ്ങവേ കാറിലെത്തിയ പോലീസ് സംഘം ലാത്തി വച്ച് അടിച്ചതായി ഷിബുവിന്റെ പരാതിയിൽ പറയുന്നു. മുതുകിലും തോളിലും ഇടുപ്പിലും അടികൊണ്ട പാടുണ്ട്.
അതേസമയം പരാതിക്കാരനെ മർദ്ദിച്ചിട്ടില്ലെന്നും മദ്യപാനികൾ തമ്മിലുള്ള സംഘർഷത്തിലാണ് ഷിബുവിന് പരിക്ക് പറ്റിയതെന്നും കഴക്കൂട്ടം പൊലീസ് പറയുന്നു.

















