പത്തനംതിട്ട; പ്രളയത്തിന്റെ പേരിലായാലും മഹാമാരി കൊറോണയുടെ പേരിലായാലും തിരുവാറന്മുളയപ്പന്റെ ആചാരങ്ങളെ നശിപ്പിക്കുന്ന നിലപാടിൽ നിന്നും ദേവസ്വം ബോർഡും സർക്കാരും പിന്മാറണമെന്ന് വിശ്വ ഹിന്ദു പരിഷദ്. 2018മുതൽ സർക്കാരും ദേവസ്വം ബോർഡും ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ കാരണം തിരുവറന്മുളയപ്പന്റെ പള്ളിയോടങ്ങൾ നീറ്റിൽ ഇറക്കാൻ കഴിയുന്നില്ല.
അറ്റ കുറ്റ പണികൾ നടത്താനാവുന്നില്ല. പള്ളിയോടങ്ങളുടെ സംരക്ഷണത്തിന് സാമ്പത്തികം നല്ല രീതിയിൽ ആവശ്യമുണ്ടെന്നിരിക്കെ പള്ളിയോടസേവസംഘവും ദേവസ്വം ബോർഡും നൽകിവരുന്ന തുച്ഛമായ സാമ്പത്തിക സഹായം മുൻകാലങ്ങളിൽ പോലും മതിയാവുമായിരുന്നില്ല. ഇപ്പോൾ വള്ളസദ്യ വഴിപാടുകൾ, ഭജന സദ്യ, ബാല സദ്യ, തേച്ചു കുളി സദ്യ തുടങ്ങി ക്ഷേത്ര ചൈതന്ന്യത്തിനും നിലനിൽപ്പിനും ആധാരമായ ഭഗവാന്റെ ഇഷ്ട വഴിപാടുകൾ നടത്താൻ ഭക്തജനങ്ങൾക്ക് ആവുന്നില്ല.
ഭക്തജന സമൂഹം ഇന്ന് ദുഃഖത്തിലാണ് . ശബരിമലയിലും, ഗുരുവായൂരിലും നിയന്ത്രണങ്ങൾക്ക് വിധേയമായി ആയിരകണക്കിന് ഭക്തർക്ക് പ്രവേശനം അനുവദിക്കുന്ന സർക്കാർ തിരുവാറന്മുളയിലും ആചാരങ്ങൾ മുടക്കാതെ തിരുവോണ തോണി വരവ്, ഉത്രട്ടാതി ജലോത്സവം, അഷ്ടമിരോഹിണി വള്ളസദ്യ, വഴിപാട് വള്ളസദ്യകൾ, ഭജന സദ്യകൾ അടക്കം ആചാരപരമായ മുഴുവൻ അനുഷ്ടാനങ്ങൾക്കും അനുമതി നൽകണം. പള്ളിയോട സേവാസംഘം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിമൂലം പള്ളിയോടങ്ങൾക്ക് നൽകിവന്നിരുന്ന ധന സഹായങ്ങൾ മുടങ്ങി.
ഇഷ്ടവഴിപാടുകൾ നടക്കുന്നില്ല. തന്മൂലം ദേവനും ഭക്തനും ദുഖത്തിലാണ്. ഇതിന് പരിഹാരം ഉണ്ടാവണം. ബക്രീദിനു ഇളവുകൾ അനുവദിച്ച സർക്കാർ എന്തേ മറ്റ് മതസ്ഥരുടെ കാര്യത്തിൽ ഉത്സാഹം കാണിക്കാത്തത്. ക്ഷേത്രചാരങ്ങൾ മുടങ്ങാതെ ഭക്ത ജന സമൂഹത്തിന്റെ ദുഃഖം അകറ്റി ശാസ്ത്രീയ സംവിധാനങ്ങളിലൂടെ കൊറോണ വ്യാപന നിയന്ത്രണ ങ്ങൾ ചിട്ടപ്പെടുത്തി ആചാര അനുഷ്ടാന സംരക്ഷണം ഉറപ്പാക്കണമെന്നും വിശ്വ ഹിന്ദു പരിഷദ് സംസ്ഥാന പ്രസിഡന്റ് ശ്രീ :വിജി തമ്പി, ജനറൽ സെക്രട്ടറി ശ്രീ :വി. ആർ. രാജശേഖരൻ, പ്രചാർ പ്രമുഖ് ശ്രീ :എസ്. സഞ്ചയൻ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു

















