ആലപ്പുഴ: അയൽവാസിയുടെ പറമ്പിലെ മരച്ചില്ല വീണു വീടിനു കേടുപാട് പറ്റിയെന്ന വീട്ടമ്മയുടെ പരാതിയില്‍ വേഗത്തില്‍ നടപടി സ്വീകരിച്ച് പഞ്ചായത്ത് സെക്രട്ടറി. ചെങ്ങന്നൂർ മുളക്കുഴ പഞ്ചായത്തില്‍ വാർഡ് 3ല്‍ താമസിക്കുന്ന ഷീല പി.റ്റിയുടെ പരാതിയാണ് മുളക്കുഴ പഞ്ചായത്ത് സെക്രട്ടറി ജ്യോതിഷ് തീര്‍പ്പാക്കിയത്.
ഒന്നര സെൻറ് പുരയിടത്തിൽ താമസിക്കുന്ന ഷീലയുടെ വീടിലേക്ക് അയൽവാസിയായ ഗോപിനാഥൻ പിള്ളയുടെ പുരയിടത്തിൽ നിന്ന പുളി മരത്തിൻറെ ശിഖരങ്ങൾ വീടിൻറെ മുകളിലേക്ക് മറഞ്ഞു കിടക്കുകയും ഷീലയുടെ ശുചിമുറിയുടെ ഭിത്തികൾക്കും ടൈലുകൾക്കും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
ഇതേക്കുറിച്ച് നിരവധി തവണ പ്രജ്വല എന്ന ബിജെപി വാർഡ് മെമ്പർനോട് പരാതിപ്പെടുകയും, മെമ്പർ യാതൊരുവിധമായ നടപടികളും സ്വീകരിക്കാതിരിക്കുകയും ചെയ്തു. പക്ഷേ ഒരേയൊരു പരാതിയിൽ നടപടിക്രമങ്ങൾ സ്വീകരിച്ചുകൊണ്ട് പരിഹാരം കണ്ടെത്തുകയായിരുന്നു പഞ്ചായത്ത് സെക്രട്ടറി.
പരാതിയിൻമേല്‍ പഞ്ചായത്ത് സെക്രട്ടറി സ്ഥലത്ത് പോയി അന്വേഷണം നടത്തുകയും പുളിമരത്തിൻറെ ശിഖരങ്ങള്‍ പരാതിക്കാരിയുടെ വീടിന് മുകളിലേക്ക് വളർന്ന് നിൽക്കുന്നു എന്ന് കണ്ടെത്തുകയും ചെയ്തു. കൂടാതെ ഉപയോഗത്തിലിരിക്കുന്ന ശുചിമുറിയുടെ ഭിത്തി വിണ്ടുകീറിയും തറ പൊട്ടിപൊളിഞ്ഞും പോയിട്ടുള്ളതും അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇതേ തുടര്‍ന്ന്‍ പഞ്ചായത്ത് ആക്ടിലെ 238 (ബി) പ്രകാരമുള്ള നോട്ടിസ് കൈപ്പറ്റി ഏഴ് ദിവസത്തിനുള്ളിൽ പുളിമരം മുറിച്ചുമാറ്റിയും നിലവിലെ അപകടകരമായ സാഹചര്യം ഒഴിവാക്കേണ്ടതും, കൂടാതെ ഈ വിവരം 10 ദിവസത്തിനുള്ളിൽ ഓഫീസിലേക്ക് രേഖാമൂലം അറിയിക്കേണ്ടതുമാണെന്നും പഞ്ചായത്ത് സെക്രട്ടറി ഉത്തരവിട്ടു.
നിശ്ചിത സമയത്തിനുള്ളിൽ യാതൊരു നടപടിയും സ്വീകരിക്കാത്ത പക്ഷം പ്രസ്തുത വകുപ്പിലെ സെക്ഷൻ 238(സി) പ്രകാരം ഇത്തരം പ്രവർത്തികൾ നടത്തുന്നതും അങ്ങനെ ചെയ്യുന്നതിലേക്കുള്ള ചെലവും പിഴയുമടക്കം ഭൂമിയിന്മേലുള്ള നികുതി കുടിശ്ശിക എന്നപോലെ ഈടക്കുന്നതുമായിരിക്കും. കൂടാതെ ഇത്തരത്തിൽ സ്വകാര്യ വസ്തുവിലെ വൃക്ഷങ്ങൾ മൂലം വ്യക്തികൾക്കോ, വസ്തുവകകൾക്കോ ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30(2)(വി) പ്രകാരം വസ്തുവിന്റെ ഉടമ ബാദ്ധ്യസ്ഥനാണെന്നും പഞ്ചായത്ത് സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.

















