ന്യൂഡല്‍ഹി: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 80 വയസാണ് നിലവിലെ പ്രായപരിധി. പിണറായി വിജയന് ഇളവ് നല്‍കണോയെന്ന കാര്യം ആലോചിക്കുമെന്നും യെച്ചൂരി പറഞ്ഞു.
രാജ്യത്തു സിപിഎം അധികാരത്തിലുള്ള ഏക സംസ്ഥാനമാണു കേരളം. അതുകൊണ്ടു കൂടിയാണു സംസ്ഥാനം അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിനു വേദിയാകുന്നതും. പാര്‍ട്ടിക്കു കേരളത്തില്‍ തുടര്‍ഭരണം ലഭിച്ചതു പിണറായി വിജയന്റെ നേതൃത്വത്തിനുള്ള അംഗീകാരം കൂടിയായാണു കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തിയത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി കൂടിയായ പിണറായിക്ക് കേന്ദ്ര കമ്മിറ്റിയംഗമായി തുടരാനുള്ള പ്രായപരിധി 75 വയസ് എന്നതു ബാധിക്കാനിടയില്ല.
പുതിയ ആളുകള്‍ക്ക് കേന്ദ്രകമ്മിറ്റിയിലേക്ക് കടന്നുവരാന്‍ അവസരം ഒരുക്കുക എന്ന നയത്തിന്റെ ഭാഗമായാണ് പ്രായപരിധി 80 ല്‍ നിന്ന് 75 ആയി കുറയ്ക്കാന്‍ തീരുമാനമായത്. നിലവില്‍ കേന്ദ്ര കമ്മിറ്റിയിലുള്ള വൈക്കം വിശ്വനു എണ്പതു വയസു കഴിഞ്ഞതിനാല്‍ അദ്ദേഹത്തെ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കും. അടുത്ത വര്‍ഷം എപ്രിലില്‍ കണ്ണൂരില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ അംഗീകാരത്തിനു ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ.
കേരളത്തിൽ ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതിന് രൂപരേഖ ഉണ്ടാക്കും. സ്കൂളുകൾ എത്രയും വേഗം തുറക്കാൻ നടപടി വേണമെന്ന് സിപിഎം. ഇതിനായി കുട്ടികളുടെയും സ്കൂൾ ജീവനക്കാരുടെയും വാക്സിനേഷന് മുൻഗണന നല്കണമെന്നും സിപിഎം അഭിപ്രായപ്പെട്ടു. വരുമാനനികുതി നല്കാത്ത എല്ലാവർക്കും 7500 പ്രതിമാസ ധനസഹായം നല്കണമെന്നും കേന്ദ്രക്കമ്മിറ്റി ആവശ്യപ്പെട്ടു.
കെകെ ഷൈലജയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിറുത്തിയതിനെ ന്യായീകരിച്ചാണ് സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചത്. മാറ്റങ്ങൾക്കുള്ള നയം ജനം അംഗീകരിച്ചു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കെകെ ശൈലജയെ ഒഴിവാക്കിയതിൽ കേന്ദ്രക്കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു.

















