കണ്ണൂർ: ഇ- ബുൾ ജെറ്റ് വ്ലോഗർമാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. യുട്യൂബര്‍മാരാണെങ്കിലും നിയമലംഘനം അനുവദിക്കില്ലെന്നും നിയമം ലംഘിച്ചാല്‍ മുഖം നോക്കാതെ തന്നെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തും. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും മന്ത്രി അറിയിച്ചു.
ഇന്ന് രാവിലെയാണ് കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതിന് ഇ- ബുൾ ജെറ്റ് വ്ലോഗര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും നെപ്പോളിയൻ എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് ഓൾട്ടറേഷൻ വരുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂർ ആർടിഒ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. ഇക്കാര്യത്തിലെ തുടർ നടപടികൾക്കായി ഇവരോട് ഇന്ന് രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടു. ഇന്ന് രാവിലെ ഇരുവരും എത്തിയതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്.

















