തിരുവനന്തപുരം: മുസ്ലിം ലീഗിനകത്തെ പ്രശ്നങ്ങൾക്ക് കാരണക്കാർ സിപിഎം ആണെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ വാദം വിചിത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ചന്ദ്രികയിലെ പ്രശ്നങ്ങൾക്ക് എങ്ങനെയാണ് സിപിഎമ്മുമായി ബന്ധമുണ്ടാവുക എന്നും അദ്ദേഹം ചോദിച്ചു,
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടന്ന വാർത്താസമ്മേളനത്തിൽ യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ മുഈനലി തങ്ങളെ ഇറക്കിവിടുന്ന രംഗം എല്ലാവരും കണ്ടതാണ്. ഇത് മുസ്ലിം ലീഗിനകത്തെ പ്രശ്നം മാത്രമാണ്. അല്ലാതെ സിപിഎമ്മിന് ഇതിൽ എന്താണ് റോൾ. മുസ്ലിം ലീഗിനകത്ത് അഗാധമായ പ്രതിസന്ധിയുണ്ട്. ഇതോടൊപ്പം വലിയ അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിക്ക് അകത്തുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ നേതൃത്വമില്ലായ്മ ഇവിടെ ദൃശ്യമാണ്. അഴിമതി പണവുമായി ബന്ധപ്പെട്ട വിഷയമാണ് ലീഗിലെ പ്രതിസന്ധിക്ക് കാരണമെന്നും വിജയരാഘവൻ പറഞ്ഞു.
പാർട്ടിയിലെ പ്രശ്നങ്ങൾ രൂക്ഷമാകാൻ പോവുകയാണ്. വസ്തുത ഇതായിരിക്കെ സിപിഎമ്മിനും സർക്കാറിനും നേരെ ആക്ഷേപം ഉന്നയിച്ച് തടിതപ്പാൻ എങ്ങനെയാണ് ലീഗിന് കഴിയുക. എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ നടപടികളായാണ് ലീഗ് ഇതിനെ പ്രചരിപ്പിക്കുന്നത്. വിചിത്ര വാദമാണിത്. അവർ പറയുന്ന നയങ്ങൾ അവർക്ക് തന്നെ വിശദീകരിക്കാനാവുന്നില്ല എന്നും അദ്ദേഹം വിമർശിച്ചു.
സിപിഎമ്മും സർക്കാറും സംസ്ഥാനത്തിന്റെ ഉത്തമവികസനത്തിന് വേണ്ടിയാകും പ്രവർത്തിക്കുക. എല്ലാവിധ ജനപിന്തുണയോടെയും അത് മുന്നോട്ടുകൊണ്ടുപോകും. സിപിഎമ്മിനെതിരെ ലീഗ് ഉന്നയിച്ച ആരോപണങ്ങൾ ജനം പുച്ഛിച്ച് തള്ളുമെന്നും വിജയാഘവൻ പറഞ്ഞു.

















