തിരുവനന്തപുരം: ബലിതര്‍പ്പണത്തിനായി പോയ അമ്മയ്ക്കും മകനും 2000 രൂപ പിഴ ചുമത്തിയശേഷം 500രൂപയുടെ രസീത് നല്‍കിയ സംഭവത്തില്‍ പൊലീസുകാരന് സസ്പെന്‍ഷന്‍. ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ സിപിഒ അരുണ്‍ ശശിയെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്റ് ചെയ്തത്. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സിഐയ്ക്ക് എതിരെ അന്വേഷണം നടത്തും.
ഇന്നലെ രാവിലെയാണ് സംഭവം. കാറില്‍ അമ്മയുമായി ശ്രീകാര്യം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് പോയ നവീനെ പൊലീസ് തടയുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് വ്യക്തമാക്കിയാണ് രണ്ടായിരം രൂപ പിഴ നല്‍കാന്‍ ആവശ്യപ്പെട്ടത്. സത്യവാങ്മൂലം പോലും പൊലീസ് ചോദിച്ചില്ലെന്നാണ് നവീന്റെ പരാതി. കൈവശം പണമില്ലാത്തതിനാല്‍ എടിഎമ്മില്‍ നിന്ന് പണമെടുത്ത് സ്റ്റേഷനിലെത്തി രണ്ടായിരം രൂപ പിഴയടച്ചുവെങ്കിലും പൊലീസ് നല്‍കിയത് 500 രൂപ രസീതാണെന്നും വീട്ടിലെത്തിയശേഷമാണ് തുക ശ്രദ്ധിച്ചതെന്ന് നവീന്‍ പറയുന്നു. അതേസമയം, എഴുതിയതിലെ പിഴവാണ് 2000 അഞ്ഞൂറായതെന്നാണ് പൊലീസ് വാദം. ലോക്ക്ഡൗണ്‍ ദിനത്തില്‍ അനാവശ്യമായി പുറത്തിറങ്ങിയതിനാണ് പിഴ ചുമത്തിയതെന്നും പൊലീസ് പറഞ്ഞു.

















