തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റേയും കോവിഡ് നിയന്ത്രണത്തിനായി ചുമതലപ്പെട്ട വിവിധ ഏജന്‍സികളുടേയും അനുമതി ലഭിച്ചാല്‍ ഘട്ടം ഘട്ടമായി സ്‌കൂളുകള്‍ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അതേസമയം, ഓണ്‍ലൈന്‍ വിദ്യാഭ്യാസം കുട്ടികളില്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കിയെന്നും ഇത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി എസ്സിആര്‍ ടി പഠനത്തില്‍ കണ്ടെത്തി. ഓണ്‍ ലൈന്‍ പഠനം ശാശ്വതമായ ഒന്നല്ല, ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു. ഓണ്‍ലൈന്‍ പഠനം കാരണം 36 ശതമാനം കുട്ടികള്‍ക്ക് കഴുത്തു വേദനയും 27 ശതമാനം പേര്‍ക്ക് കണ്ണിന് വേദനയും ഉണ്ടെന്ന് എസ്‌സിആര്‍ടിയുടെ റിപ്പോര്‍ട്ടുണ്ട്. കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നും വ്യായാമം ഉറപ്പ് വരുത്തണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

















