കൊല്ലം: നടനും സംവിധായകനുമായ നാദിര്‍ഷയ്‌ക്കെതിരെ തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്. നാദിര്‍ഷയുടെ പുതിയ ചിത്രങ്ങളായ ഈശോ, കേശു ഈ വീടിന്റെ നാഥന്‍ എന്നീ സിനിമകള്‍ ക്രൈസ്തവ വിരുദ്ധമാണെന്നും നിരോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
സമാധാനത്തിന്റെ വക്താവായി ലോകം മുഴുവന്‍ അംഗീകരിച്ച യേശുദേവനെ അവഹേളിക്കുന്ന രീതിയില്‍ നടന്ന ഈ കുടില നീക്കം അപലപനീയമാണ്. വിദ്യാഭ്യാസരംഗത്തും സാമൂഹ്യരംഗത്തും ക്രൈസ്തവ സഭ നല്‍കിയ മഹത്തായ സംഭാവനകള്‍ വിസ്മരിക്കാന്‍ കഴിയാത്തതാണെന്നും യേശുദേവനെ അവഹേളിക്കുന്ന ഇത്തരം പ്രവണതകള്‍ ചെറുത്തു തോല്‍പ്പിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യകതയാണെന്നും തുഷാര്‍ പറഞ്ഞു.
ഇത്തരത്തിലുള്ള സിനിമകള്‍ സമൂഹത്തില്‍ ഭിന്നതയും വിഭജനവും ഉണ്ടാക്കാനേ ഉപകരിക്കൂ. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പേരില്‍ മതവൈരം സൃഷ്ടിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്യുന്ന നീക്കങ്ങള്‍ ചെറുത്തു തോല്‍പിക്കാന്‍ ബിഡിജെഎസ് മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം ചലച്ചിത്രങ്ങള്‍ക്കെതിരെയും ലൗ ജിഹാദ് പോലെയുള്ള സാമൂഹിക വിപത്തിനെതിരെയും നിയമനിര്‍മാണം ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു നിവേദനം നല്‍കുമെന്നും തുഷാര്‍ പ്രതികരിച്ചു

















