തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ച വരെ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം, ഈ മാസം 12 വരെ തെക്ക് പടിഞ്ഞാറന്‍, വടക്കന്‍ അറബിക്കടല്‍ ഭാഗങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി.മീ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. ഈ ഭാഗത്തേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദേശം. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാഹചര്യമുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം, കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ തീരദേശ പ്രദേശങ്ങളിലുളളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

















