കാബൂള്‍; അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം.200 താലിബാൻ ഭീകരരെ വധിച്ചെന്ന് അഫ്ഗാൻ സൈന്യം അറിയിച്ചു. അഫ്ഗാനിലെ 80 ജില്ലകളിൽ ഉഗ്രയുദ്ധം തുടരുകയാണ്. ആക്രമണം ശക്തമായ നഗരങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ്. വടക്കന്‍ അഫ്ഗാന്‍ പ്രവശ്യയായ ജൗസ്ജാന്റെ തലസ്ഥാനം ഷെബെര്‍ഗാനും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. ഗവര്‍ണറുടെ ഓഫിസടക്കം പ്രധാന സര്‍ക്കാര്‍ ഓഫീസുകള്‍ താലിബാന്‍ പിടിച്ചടക്കി. ജയിലുകള്‍ പിടിച്ചെടുത്ത ഭീകരര്‍ തടവുകാരെ തുറന്നുവിട്ടു. രണ്ട് ദിവസത്തിനുള്ളില്‍ താലിബാന്റെ നിയന്ത്രണത്തിലാകുന്ന രണ്ടാമത്തെ നഗരമാണ് ഷെബെര്‍ഗാന്‍.
അഫ്ഗാനിസ്ഥാനിലെമ്പാടും ആക്രമണം അഴിച്ചുവിട്ട താലിബാന്‍ നിമ്രോസിലെ സരഞ്ച് നഗരം പിടിച്ചെടുത്തതിനു പിന്നാലെ ശനിയാഴ്ച ജൗസ്ജാന്‍ ഷെബര്‍ഗാന്‍ നഗരവും പിടിച്ചെടുത്തു. താലിബാന്‍ പിടിച്ചെടുത്ത ആദ്യത്തെ പ്രവിശ്യ തലസ്ഥാനമായിരുന്നു സരഞ്ച്. ഇറാന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിക്കടുത്തുള്ള ഹെറാത്തും ലഷ്‌കര്‍ ഗാഹ്, കാണ്ഡഹാര്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റു പ്രവിശ്യാ തലസ്ഥാനങ്ങളിലും താലിബാന്‍ പിടിമുറുക്കുകയാണ്.
അതേസമയം താലിബാനെ അടിച്ചമർത്താനുള്ള അഫ്ഗാൻ സേനയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും രാജ്യത്തെ പ്രവിശ്യ തലസ്ഥാനങ്ങളിലെ സ്ഥിതി ഉടൻ സാധാരണ നിലയിലാകുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.