കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ആറ് പ്രതികളെ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. പൊലീസ് എഫ്ഐആറിലെ ആദ്യ ആറ് പ്രതികളായ ടി ആര് സുനില്‍ കുമാര്‍, ബിജു കരീം, റജി അനിൽ കുമാർ,കിരൺ, ബിജോയ് എ കെ, സി.കെ ജിൽസ് എന്നിവര്‍ക്കെതിരെയാണ് കേസ്.
അതേസമയം കരുവന്നൂർ സഹകരണ ബാങ്കിൽ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറിയിച്ചു. പ്രാഥമിക കണക്കാണ് 200 കോടി രൂപയെന്നും, 200 കോടി രൂപയിലധികം കള്ള പണം വെളുപ്പിച്ചുവെന്നുമാണ് കണ്ടെത്തൽ. പൊലീസിൽ നിന്നും ലഭിച്ച രേഖകളും എൻഫോഴ്സ്മെന്റ് പരിശോധിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്.ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവരുടെ കള്ള അക്കൗണ്ടുകൾ രൂപീകരിക്കുകയും ബിനാമി ഇടപാടുകൾ നടത്തിയെന്നുമാണ് കണ്ടെത്തൽ. ഇത് റിയൽ എസ്റ്റേറ്റ് ഇടപാട് അടക്കം നിരവധി കാര്യങ്ങൾക്കായി ഉപയോഗിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തി.