കൊച്ചി: വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സർവീസിൽ നിന്ന് പിരിച്ചുവിട്ട നടപടിക്കെതിരെ പ്രതി കിരൺ കുമാർ. സംഭവത്തിനെതിരെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്ര്യൂണലിനെ സമീപിക്കുമെന്ന് കിരൺ കുമാറിന്റെ അഭിഭാഷകൻ അറിയിച്ചു.
പിരിച്ചു വിട്ട നടപടി സർവീസ് ചട്ടങ്ങളുടെ ലംഘനം ആണ്. കേസിൽ അന്വേഷണം പോലും പൂർത്തിയായിട്ടില്ല. കിരണിന്റെ വിശദീകരണം അധികൃതർ തേടിയിട്ടില്ലെന്നും കിരണിന്റെ അഭിഭാഷകൻ പറയുന്നു.
കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്നു വിസ്മയയുടെ ഭർത്താവ് കിരൺ. ഗതാഗതമന്ത്രി ആന്റണി രാജുവാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടുവെന്ന തീരുമാനം പ്രഖ്യാപിച്ചത്.
ഭാര്യയുടെ മരണത്തെത്തുടർന്ന് ഭർത്താവിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് ഇതാദ്യമാണ്. 1960-ലെ കേരള സിവിൾ സർവീസ് റൂൾ പ്രകാരമാണ് കിരണിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത്. കിരണിന് ഇനി സർക്കാർ സർവീസിൽ തുടർജോലിയും ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാൽ പെൻഷനും അർഹതയുണ്ടാവില്ല.