ലണ്ടന്‍: ഇന്ത്യയില്‍ നിന്നും എത്തുന്നവര്‍ക്ക് ബ്രിട്ടന്‍ ഇതുവരെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയതോടെയാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയത്.
നേരത്തെ, രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷവും ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് പത്ത് ദിവസം ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് ഒഴിവാക്കിയിട്ടുണ്ട്.
രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കാണ് ഇളവെന്ന് ഡൽഹിയിലെ യുകെ ഹൈകമ്മകീഷൻ അറിയിച്ചു. ഇവർക്ക് വീട്ടിലോ സ്വയം തിരഞ്ഞെടുക്കുന്ന സ്ഥലത്തോ 10 ദിവസത്തെ ക്വാറന്റൈനിൽ കഴിഞ്ഞാൽമതി. ഓഗസ്റ്റ് എട്ടുമുതലാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. വിമാനയാത്രക്ക് മൂന്നുദിവസത്തിനുള്ളിൽ കോവിഡ് പരിശോധന നടത്തണം. യുകെയിലെത്തിയാലും പരിശോധന നിർബന്ധമാണ്.
നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ യുകെയിലേക്കുള്ള വിമാനയാത്ര നിരക്കുകൾ കുത്തനെ ഉയർന്നു. ഓഗസ്റ്റ് ഒമ്പതിനുള്ള ഡൽഹി-ലണ്ടൻ വിമാനടിക്കറ്റിന് 97,943 രൂപ മുതലാണ് വിവിധ വിമാനക്കമ്പനികൾ ഈടാക്കുന്നത്.
ഇന്ത്യയെ കൂടാതെ ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളേയും ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.