ആലപ്പുഴ: കോവിഡിൻ്റെ പേരുപറഞ്ഞ് ഹൈന്ദവരുടെ ആരാധനാ സമ്പ്രദായങ്ങളെയും അനുഷ്ടാനങ്ങളെയും തകർക്കാൻ സർക്കാർ ഗൂഢ ശ്രമം നടത്തുന്നു എന്ന് സംശയിക്കുന്നതായി വിഎച്ച്പി കേരള ഘടകം അഭിപ്രായപ്പെട്ടു. ശബരിമലയിൽ പൂർണ ആചാരങ്ങൾ നടത്താൻ അനുവദിക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ പറഞ്ഞു.
ശബരിമല ക്ഷേത്രത്തിലേക്ക് പ്രതിദിനം പതിനായിരം ഭക്തരെ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. തീർത്ഥാടനവുമായി ബന്ധപ്പെട്ട പമ്പാസ്നാനം മുതലുള്ള ഒരു ആചാരവും അനുഷ്ടിക്കാൻ അനുവദിക്കാതെയുള്ള ദർശന സൗകര്യം കാണിക്ക എന്ന ലക്ഷ്യംവച്ചുള്ളതും ഭക്തരെ കൊണ്ട് ആചാരലംഘനം അവരറിയാതെ നടത്തിക്കുക എന്ന രഹസ്യ അജണ്ടയുടെയും ഭാഗമാണ് എന്ന് വി ആർ രാജശേഖരൻ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ നടപ്പിലാക്കിക്കൊണ്ട് തന്നെ ശബരിമലയിൽ കാലങ്ങളായി നടന്നു പോന്ന എല്ലാ ആചാരങ്ങളോടെയും അയ്യപ്പന്മാർക് ദർശനം ഒരുക്കാൻ ദേവസ്വം ബോർഡ് തയ്യാറാവണം. ക്ഷേത്ര കാര്യങ്ങൾ തീരുമാനിക്കേണ്ടത് സർക്കാർ അല്ല എന്നത് കോടതികൾ നിരവധി പ്രാവശ്യം ചൂണ്ടി കാട്ടിയിട്ടുള്ളതാണ്.
ബക്രീദിൻ്റെ വേളയിൽ യാതൊരു മാനദണ്ഡവും നോക്കാതെ സമസ്ത മേഖലയിലും സർവ്വത്ര ഇളവാണ് കേരള സർക്കാർ നൽകിയത്. കർക്കിടക വാവുബലി ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യം ഉള്ള ഒരു ആചാരമാണ്. തിരക്കൊഴിവാക്കി കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ച് നടത്താൻ സാധിക്കുന്ന ബലി തർപ്പണത്തിന് സർക്കാർ തടസ്സം ഉന്നയിക്കരുതെന്നും രാജശേഖരൻ ആവശ്യപ്പെട്ടു.