തിരുവനന്തപുരം: ചികിത്സയ്ക്കെന്ന വ്യാജേന പണം തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. പഴയകട പുറുത്തിവിള സ്വീറ്റ് ഹോംവീട്ടില്‍ അഭിരാജ് (25) ആണ് പിടിയിലായത്. രണ്ടര വയസുള്ള കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് ചികിത്സാ സഹായം തേടി തട്ടിപ്പ് നടത്തുകയായിരുന്നു. കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സക്കായി 75 ലക്ഷം രൂപാ വേണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിച്ചത്.
ഇതിനായി പൂവാര്‍ സ്വദേശിയുടെ രണ്ടര വയസ്സുള്ള മകന്റെ ഫോട്ടോ വാട്ടസ്പ്പ് ഗ്രൂപ്പില്‍നിന്ന് ശേഖരിച്ച് ഉപയോഗിച്ചു. സഹായം സ്വീകരിക്കാനായി സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പര്‍ തന്നയാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ചികിത്സാ സഹായ അഭ്യര്‍ത്ഥനാ സന്ദേശം വ്യാപകമായി പ്രചരിച്ചതോടെയാണ് കുട്ടിയുടെ വീട്ടുകാര്‍ വിവരം അറിയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ അച്ഛന് നല്കിയ പരാതിയില്‍ പൂവാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അതേസമയം, ഈയിടെ കണ്ണൂര്‍ സ്വദേശിയായ കുട്ടിയുടെ ചികിത്സ സഹായമായി 18 കോടിയോളം രൂപാ ലഭിച്ചിരുന്നു. ഇതാണ് ഇത്തരത്തിലൊരു തട്ടിപ്പ് നടത്താന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നല്കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.