പെരിന്തല്‍മണ്ണ: എസ്.എം.എ രോഗം ബാധിച്ചു ചികിത്സയിലുണ്ടായിരുന്ന കുഞ്ഞ് മരണത്തിന് കീഴടങ്ങി. പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്റെ മകനായ അഞ്ചുമാസം പ്രായമുള്ള ഇമ്രാനാണ് ഇന്നലെ രാത്രി പതിനൊന്നേ മുക്കാലോടെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ഇമ്രാന്റെ ചികിത്സയ്ക്കായി ഇതുവരെ 16 കോടിയിലധികം രൂപ സമാഹരിച്ചിരുന്നു. കൂടാതെ ചികില്‍സാ സഹായം ആവശ്യപ്പെട്ട് ഇമ്രാന്റെ പിതാവ് നല്കിയ ഹര്‍ജി ഹൈകോടതിയുടെ പരിഗണനയിലാണ്.
അതേസമയം, കഴിഞ്ഞ നാല് മാസക്കാലമായി സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന് അപൂര്‍വ്വ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ വെന്റിലേറ്ററിലായിരുന്നു കുഞ്ഞ് ഇമ്രാന്. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് ഇന്നലെ രാത്രി പതിനൊന്നേ മുക്കാലോടെയാണ് മരണം സംഭവിച്ചത്. ഇമ്രാന്റെ ചികിത്സക്കായുള്ള 18 കോടി രൂപയുടെ മരുന്നിനായി സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് പിതാവ് ആരിഫായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശ പ്രകാരം ആറ് ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.
രണ്ടു ദിവസം മുമ്പും ഈ ബോര്‍ഡ് ചേര്‍ന്ന് കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. മങ്കട എം.എല്‍.എ മഞ്ഞളാം കുഴി അലിയുടെ നേതൃത്വത്തില്‍ മരുന്നിനായുള്ള പണത്തിനായി ക്രൗഡ് ഫണ്ടിങും തുടങ്ങിയിരുന്നു.16 കോടിയിലധികം രൂപ സമാഹരിക്കാനും കഴിഞ്ഞു. എന്നാല്‍ ഹൈക്കോടതി തീരുമാനത്തിനോ മരുന്നിനോ കാത്തിരിക്കാതെയാണ് കുഞ്ഞ് ഇമ്രാന് കണ്ണീരോര്‍മ്മയായത്.