കൊച്ചി : ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനയ്ക്കെതിരെ ചുമത്തിയിട്ടുള്ള രാജ്യദ്രോഹ കേസ് റദ്ദാക്കരുതെന്ന ആവശ്യവുമായി ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ലക്ഷദ്വീപ് ഭരണകൂടം കോടതിയില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് ഐഷ അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ലെന്നും, ഫോണില്‍ നിന്ന് രേഖകള്‍ നശിപ്പിച്ചതായി കണ്ടെത്തിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
അയിഷയുടെ സാമ്ബത്തിക സ്രോതസിനെ കുറിച്ച് കൃത്യമായി മറുപടി നല്‍കിയിട്ടില്ലെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതിന് പിന്നാലെ അയിഷ സുല്‍ത്താനയുടെ വാട്സാപ്പ് ചാറ്റുകളില്‍ പലതും അപ്രത്യക്ഷമായി. ഇതില്‍ ദുരൂഹതയുണ്ട്. അയിഷ വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു. നേരത്തെ അയിഷയുടെ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു.
മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അയിഷ സുല്‍ത്താന മറ്റൊരു ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിന് നല്കിയ മറുപടിയിലാണ് ലക്ഷദ്വീപ് ഭരണകൂടം ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന ഭരണ പരിഷ്കാരങ്ങള്‍ക്കെതിരെ ഒരു സ്വകാര്യ ചാനലില്‍ സംസാരിക്കവേ ബയോവെപ്പണ്‍ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് അയിഷയ്ക്കെതിരെ പൊലീസ് കേസെടുത്തത്.