ന്യൂഡല്‍ഹി: കേരളത്തിലെ പെരുന്നാൾ ഇളവുകൾ സംബന്ധിച്ച് സുപ്രിംകോടതിയിൽ മറുപടി സമർപ്പിച്ച് സംസ്ഥാന സർക്കാർ. ഇളവുകൾ നൽകിയത് വിദഗ്ധരുമായി അടക്കം കൂടിയാലോചന നടത്തിയ ശേഷമെന്ന് കേരളം അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ചില മേഖലകളില്‍ മാത്രമാണ് വ്യാപാരികള്‍ക്ക് അനുമതി നല്‍കിയിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. കോവിഡ് കേസുകളുടെ വിവരങ്ങൾ കൃത്യമായി പുറത്തുവിടുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടി.
കേരളത്തിൽ പെരുന്നാൾ ഇളവുകൾ റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് തന്നെ സംസ്ഥാന സർക്കാർ മറുപടി സമർപ്പിക്കണമെന്ന് സുപ്രിംകോടതി പറഞ്ഞിരുന്നു. ഇന്നുതന്നെ സത്യവാങ്മൂലം സമർപ്പിക്കാൻ സ്റ്റാന്റിംഗ് കൗൺസലിന് സുപ്രിംകോടതി നിർദേശം നൽകി. വിശദീകരണത്തിന് കൂടുതൽ സമയം വേണമെന്ന കേരളത്തിന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല. തുടർന്നാണ് സംസ്ഥാനം ഇന്ന് തന്നെ മറുപടി സമർപ്പിച്ചത്.
കേരളത്തിന്റെ വിശദീകരണം പരിശോധിച്ച ശേഷം ചൊവ്വാഴ്ച വാദം കേള്‍ക്കാമെന്ന് കോടതി ഹര്‍ജിക്കാരനെ അറിയിച്ചിരുന്നു. ഡല്‍ഹിയിലെ മലയാളി വ്യവസായിയായ പി.കെ.ഡി.നമ്ബ്യാരാണ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.
ഐഎംഎ ഉള്‍പ്പടെ എതിര്‍ത്തിട്ടും ചില സാമുദായിക താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഇളവുകള്‍ ഒഴിവാക്കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. ഉത്തര്‍പ്രദേശില്‍ കന്‍വാര്‍ യാത്ര ഒഴിവാക്കിയതിന് സമാനമായി ബക്രീദ് ആഘോഷവും ഒഴിവാക്കണമെന്നും കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.