ന്യൂഡല്‍ഹി: പല തവണ താന്‍ മൊബൈല്‍ ഫോണ്‍ മാറ്റിയിട്ടും ഹാക്ക് ചെയ്യുന്നത് തുടര്‍ന്നെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഫോണ്‍ ചോര്‍ന്നവരുടെ പട്ടികയില്‍ പ്രശാന്ത് കിഷോറും ഉള്‍പ്പെട്ടിരുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘നിരീക്ഷിക്കപ്പെടുന്നുവെന്ന് സംശയിച്ചിരുന്നുവെങ്കിലും ഹാക്കിംഗ് നടക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. അതും 2017 മുതല്‍ 2021 വരെ. ഞാന്‍ അഞ്ച് തവണ ഹാന്‍ഡ്സെറ്റ് മാറ്റിയെങ്കിലും ഹാക്കിംഗ് തുടര്‍ന്നു എന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്’- പ്രശാന്ത് കിഷോര്‍ എന്‍ഡിടിവിയോട് പറഞ്ഞു.
പ്രശാന്ത് കിഷോറിന്റെ ഫോണ്‍ ജൂലൈ 14 വരെ നിരീക്ഷിക്കപ്പെട്ടു എന്നാണ് ഫോറന്‍സിക് വിശകലനങ്ങള്‍ ഉദ്ധരിച്ച് “ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്തത്.
2019 ലെ പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ്, 2018 ല്‍ അദ്ദേഹത്തിന്റെ ഫോണില്‍ പെഗാസസ് ആക്രമണം നടത്താന്‍ ശ്രമം നടത്തി പരാജയപ്പെട്ടതായി അദ്ദേഹത്തിന്റെ നിലവിലെ ഫോണിന്റെ ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.