തിരുവനന്തപുരം; സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൊലീസിന്റെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷന്‍ പ്രൊജക്ടിന് തുടക്കമായി. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിനു മുന്നില്‍, പിങ്ക് പട്രോള്‍ സംഘങ്ങള്‍ക്ക് നല്കിയ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചതോടെയാണ് പദ്ധതി നിലവില്‍ വന്നത്. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 10 കാറുകള്‍, ബുള്ളറ്റ് ഉള്‍പ്പെടെ 40 ഇരുചക്രവാഹനങ്ങള്‍, 20 സൈക്കിളുകള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയത്.
സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങൾ, സൈബർലോകത്തിലെ അതിക്രമങ്ങൾ, പൊതുയിടങ്ങളിലെ അവഹേളനങ്ങൾ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് രൂപം നൽകിയത്. നിലവിലുള്ള പിങ്ക് പോലീസ് പട്രോൾ സംവിധാനം സജീവമാക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഗാർഹികപീഡനങ്ങൾ പലപ്പോഴും പോലീസ് അറിയുന്നത് പരാതികൾ ലഭിക്കുമ്പോൾ മാത്രമാണ്. ഇത്തരം പീഡനങ്ങൾ മുൻകൂട്ടിക്കണ്ട് തടയുന്നതിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കാനുള്ള പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പുതിയ പദ്ധതിയിൽപ്പെടുന്നു.
വീടുകൾതോറും സഞ്ചരിച്ച് ഗാർഹികപീഡനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണ് പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിന്റെ ചുമതല. പഞ്ചായത്ത് അംഗങ്ങൾ, അയൽവാസികൾ, മറ്റ് നാട്ടുകാർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഇവർ മേൽനടപടികൾക്കായി സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് കൈമാറും. പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷനായ പോൽ-ആപ്പ്, വനിതാസംരക്ഷണത്തിന് സഹായമായ നിർഭയം ആപ്പ് എന്നിവയുടെ ഉപയോഗം വ്യാപകമാക്കുന്നതും പുതിയ പദ്ധതിയുടെ ഭാഗമാണ്.