ന്യൂഡൽഹി: പാർലമെന്റിന് മുന്നിൽ വ്യാഴാഴ്ച മുതൽ നടത്താൻ തീരുമാനിച്ച ഉപരോധസമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ആവർത്തിച്ച് കർഷക സംഘടനകൾ. എന്നാൽ ധർണ്ണയ്ക്ക് അനുമതി നൽകില്ലെന്ന ഉറച്ച നിലപാടിലാണ് ഡൽഹി പൊലീസ്. കോവിഡ് സാഹചര്യത്തിൽ ധർണ നടത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും കർഷകരോട് ആവശ്യപ്പെട്ടു. പൊലീസും കർഷക സംഘടനകളും നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു.
അതീവ സുരക്ഷ മേഖലയായ പാർലമെന്റിന് മുന്നിൽനിന്ന് സമരവേദി മറ്റൊരിടത്തേക്ക് മാറ്റണമെന്നതടക്കമുള്ള പൊലീസിന്റെ ആവശ്യം കർഷകർ തള്ളി. പാർലമെന്റിന് മുന്നിൽ നടത്താൻ തീരുമാനിച്ച ധർണയിൽ നിന്നും പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ ചർച്ചയിൽ ആവർത്തിച്ചു. പാർലമെന്റ് സമ്മേളനത്തിനിടെ ഓരോ ദിവസവും 200 പേർ ധർണ നടത്താനാണ് തീരുമാനം. പങ്കെടുക്കുന്ന കർഷകർക്ക് തിരിച്ചറിയൽ ബാഡ്ജ് നൽകും. ദിവസവും പാർലമെന്റിന് മുന്നിലെ ധർണക്ക് ശേഷം സമരഭൂമിയിലേക്ക് മടങ്ങും.
200 പേർ എന്നതിൽ കുറവ് വരുത്തില്ലെന്ന് അറിയിച്ച സമരക്കാർ, പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങൾ നേരത്തെ പൊലീസിന് കൈമാറാമെന്നും ചർച്ചയിൽ വ്യക്തമാക്കി. ധർണയ്ക്കുള്ള അനുമതി സംബന്ധിച്ച് പൊലീസ് തീരുമാനം രാത്രിയോടെ ഉണ്ടാകും.