ചെന്നൈ: ചെന്നൈയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്തിയ യുവതിയെ വെറുതെ വിട്ട് പൊലീസ്. തിരുവള്ളൂര്‍ ജില്ലയിലെ മിഞ്ചൂരിലാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞു മടങ്ങി വരികയായിരുന്ന യുവതിയെ ആളൊഴിഞ്ഞ ഇടത്തേക്ക് ബലമായി കൊണ്ടുപോയി പീഡിപ്പിക്കാനായിരുന്നു യുവാവ് ശ്രമിച്ചത്.
രണ്ടു കുട്ടികളുടെ അമ്മ കൂടിയായ 23കാരി രക്ഷപ്പെടുന്നതിന് ഇടയില്‍ അക്രമിയെ തള്ളിമാറ്റി. ഇതിനിടെ നടന്ന പിടിവലിയില്‍ പാറയില്‍ തല ഇടിച്ചുവീണ ഇയാള്‍ മരിക്കുകയായിരുന്നു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളിയാണ് മരിച്ചതെന്നാണ് പൊലീസ് നിഗമനം. മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. അന്വേഷണം ആരംഭിച്ചതോടെ യുവതി സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. അതേസമയം, സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള കൊലപാതകമായതിനാല്‍ ഐപിസി 100-ാം വകുപ്പു പ്രകാരം സ്റ്റേഷന് ജാമ്യത്തില്‍ യുവതിയെ പൊലീസ് വിട്ടയച്ചു.