തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പില്‍ തന്റെ അഭിപ്രായം തെറ്റായി വ്യാഖ്യാനിച്ചെന്ന് വി.ഡി.സതീശന്. അഭിപ്രായം മാറ്റേണ്ടതോ, മയപ്പെടുത്തേണ്ടതോ ഇല്ല, മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. കോൺഗ്രസ്– ലീഗ് ഭിന്നതയില്ല, തര്‍ക്കമുള്ളത് എൽ.ഡി.എഫിൽ ആണ്. സ്കോളര്‍ഷിപ്പിന് നിലവിലെ സ്കീം നിലനിർത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
നിലവില്‍ കൊടുത്തുകൊണ്ടിരിക്കുന്ന സ്കോളര്‍ഷിപ്പുകള്‍ തുടരണമെന്ന ഫോര്‍മുലയാണ് യുഡിഎഫ് നിർദ്ദേശിച്ചത്. മുസ്ലീം സമുദായത്തിന് സ്കോളര്‍ഷിപ്പ് നല്കുന്നതിനു വേണ്ടിയുള്ള പ്രത്യേക സ്കീം ആയിരുന്നു സച്ചാര്‍ കമ്മിറ്റി മുന്നോട്ടുവച്ചത്. ഇത് നിലനിര്‍ത്തി മറ്റൊരു സ്കീം ഉണ്ടാക്കി മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും സ്കോളര്‍ഷിപ്പ് നല്‍കണമെന്നാണ് യുഡിഎഫ് ഫോര്‍മുലയിലെ ആവശ്യം.
നേരത്തെയുണ്ടായിരുന്ന സ്കോളര്‍ഷിപ്പുകളുടെ എണ്ണത്തില്‍ കുറവ് വരുത്തില്ലെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ മുസ്ലീംകള്‍ക്കുള്ള പ്രത്യേക സ്കീം സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുകയാണ്. ഈ പരാതിയാണ് ലീഗും ഉന്നയിക്കുന്നത്. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് തന്നെയാണ് കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടത്.
നിലവിലെ സ്കോളര്‍ഷിപ്പുകളുടെ എണ്ണത്തില്‍ കുറവ് വരുത്തില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിലൂടെ യുഡിഎഫ് മുന്നോട്ട് വച്ച ഫോര്‍മുല ഭാഗികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ മുസ്ലീംകള്‍ക്കു വേണ്ടിയുള്ള പ്രത്യേക സ്കീം നിലനിര്‍ത്തണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടുമെന്നും സതീശന് പറഞ്ഞു.