ന്യൂഡൽഹി: കാബൂൾ: പ്രശസ്ത ഫോട്ടോഗ്രാഫറും പുലിറ്റ്സർ ജേതാവുമായ ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടു. റോയിട്ടേഴ്സ് ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്നു. കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിൽ നിലവിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടത്. അഫ്ഗാനിലെ താലിബാൻ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
അഫ്ഗാൻ സേനയും താലിബാനും തമ്മിൽ നേരിട്ട് ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശമാണ് പാകിസ്ഥാൻ അഫ്ഗാൻ അതിർത്തിയിലുള്ള സ്പിൻ ബൊൽദാക്. ജയിലിലുള്ള ഏഴായിരം പേരെ വിട്ടയക്കാതെ വെടി നിർത്തില്ലെന്ന് നിലപാടിലാണ് താലിബാൻ. യുദ്ധമേഖലകളിൽ പലായനം തുടരുകയാണ്. ഈ സംഘർഷത്തിൻ്റെ ചിത്രങ്ങൾ റോയിട്ടേഴ്സിനായി പകർത്താനാണ് ഡാനിഷ് അഫ്ഗാനിലെത്തിയത്.
കാണ്ഡഹാറിലെ സ്പിൻ ബോൽദാക്ക് ജില്ലയിൽ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ് ഡാനിഷ് കൊല്ലപ്പെടുന്നത്. ഇദ്ദേഹത്തിന്റെ മരണം അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുംബൈ സ്വദേശിയാണ് ഇദ്ദേഹം. ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയിൽനിന്ന് ഇക്കണോമിക്സിൽ ബിരുദം പൂർത്തിയാക്കിയ ഇദ്ദേഹം പിന്നീട് മാസ് കമ്യൂണിക്കേഷൻ ബിരുദവും കരസ്ഥമാക്കുകയായിരുന്നു. ടെലിവിഷൻ ന്യൂസ് റിപ്പോർട്ടറായായിരുന്നു തുടക്കം. പിന്നീട് ഫോട്ടോ ജേണലിസത്തിലേക്ക് തിരിഞ്ഞു. 2010ൽ റോയിട്ടെഴ്സിൽ ചേർന്നു. റോഹിങ്ക്യാൻ അഭയാർഥികളുടെ ചിത്രം പകർത്തിയതിനാണ് 2017ൽ പുലിറ്റ്സർ പുരസ്കാരം ലഭിച്ചത്.