തിരുവനന്തപുരം: സിക വൈറസ് ബാധിച്ച് സംസ്ഥാനത്ത് എട്ടു പേര് ചികിത്സയില്‍ തുടരുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആകെ 23 പേര്‍ക്കാണ് സിക ബാധിച്ചത്. സംസ്ഥാനത്ത് സികയ്ക്കൊപ്പം ഡെങ്കിപ്പനി വ്യാപനത്തിനും സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലാ ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്കി.
സിക്ക വൈറസ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായി. തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദേശം നല്കി. സിക്ക വൈറസിന് പുറമേ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഇരു വകുപ്പുകളുടേയും യോഗം വിളിച്ചതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തിരുവനന്തപുരത്താണ് രോഗം റിപ്പോര്‍ട്ട് ചെയ്തതെങ്കിലും എല്ലാ ജില്ലകളും ജാഗ്രത പാലിക്കേണ്ടതാണ്. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍, ഫോഗിംഗ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കണം. ഇതിനുള്ള മരുന്നുകള്‍ ആശുപത്രികള്‍ വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നതാണ്.
സിക വൈറസിനെ പോലെ ഡെങ്കിപ്പനിയും ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. വീടുകളുടേയും, സ്ഥാപനങ്ങളുടേയും പരിസരങ്ങളില്‍ കൊതുക് വളരുന്ന സാഹചര്യമുണ്ടാകരുത്. ഒരു തുള്ളി വെള്ളം പോലും കെട്ടി നില്ക്കുന്ന അവസ്ഥയുണ്ടാകരുത്. വീട്ടിനകത്തും കൊതുക് വളരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും സ്വയം പങ്കാളിത്തം ഉറപ്പുവരുത്തണം.
സിക വൈറസിനെതിരെ ഭയമല്ല ജാഗ്രതയാണ് വേണ്ടത്. സംസ്ഥാനമാകെ സിക വൈറസിനെതിരെ ജാഗ്രത പുലര്‍ത്തണം. തിരുവനന്തപുരം ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കൊതുക് നശീകരണത്തിന് ശക്തമായ ഇടപെടലുകള്‍ നടത്തണം.
രോഗവ്യാപന സാധ്യതയുള്ള ഹോട്ട് സ്പോട്ടുകളുടെ വിവരം ഡിഎംഒമാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതാണ്. അതനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എല്ലാ പിന്തുണയും ആരോഗ്യ വകുപ്പ് നല്‍കുന്നതാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.