ഗുരുവായൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതിന് ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തി. പ്രതിദിനം 80 വിവാഹങ്ങള്‍ നടത്താം. വിവാഹ പാർട്ടിയിൽ 10 പേർക്ക് പങ്കെടുക്കാം രണ്ട് ഫോട്ടോഗ്രാഫർമാർ ഉൾപ്പടെ 12 പേർക്ക് അനുമതിയുണ്ട്. ചോറൂണ് വഴിപാട് ക്ഷേത്രത്തിൽ വച്ച് നടത്താൻ കഴിയില്ല പകരം ചോറൂണിനുള്ള നിവേദ്യ ചോറ് പാഴ്സൽ ആയി നൽകും. വാഹനപൂജ നടത്താനും അനുമതിയുണ്ട്.
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ആനയൂട്ടിനും കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. 15 ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്താനാണ് ആരോഗ്യ വകുപ്പ് അനുമതി നല്‍കിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടായിരിക്കും ചടങ്ങുകള്‍ നടത്തുക.
തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ആനകളാണ് ഇത്തവണ എത്തുക. ആനയൂട്ട് കാണാന്‍ ആളുകള്‍ക്ക് പ്രവേശനമുണ്ടാകില്ല. ക്ഷേത്ര ഭാരവാഹികള്‍ക്കും ആന പാപ്പാന്മാര്ക്കും മാത്രമാകും പ്രവേശനം.