തിരുവനന്തപുരം: കേരളത്തില്‍ നിന്നും ബംഗളുരുവിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഞായറാഴ്ച മുതല്‍ പുനരാരംഭിക്കും. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ ബസുകള്‍ സര്‍വീസ് നടത്തുക.
തിരുവനന്തപുരത്ത് നിന്നുള്ള സര്‍വീസുകള്‍ ഞായര്‍ മുതലും, കണ്ണൂര്‍, കോഴിക്കോട് നിന്നുള്ള സര്‍വീസുകള്‍ തിങ്കള്‍ മുതലും ആരംഭിക്കും.
അന്തര്‍ സംസ്ഥാന ഗതാഗതത്തിന് തമിഴ്നാട് അനുമതി നല്‍കാത്ത സാഹചര്യത്തില്‍ കോഴിക്കോട്, കണ്ണൂര്‍ വഴിയുള്ള സര്‍വീസുകളാണ് നടത്തുക. യാത്ര ചെയ്യേണ്ടവര്‍ കര്‍ണാടക സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഒരു ഡോസ് വാക്സിന് എടുത്തതിന്റെ സര്‍ട്ടിഫിക്കറ്റോ യാത്രയില്‍ കരുതണം.
കൂടുതല്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അധിക സര്‍വീസുകള്‍ നടത്തും. ഈ സര്‍വീസുകള്‍ക്കുള്ള സമയ വിവരവും ടിക്കറ്റുകളും www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും എന്റെ കെഎസ്ആര്‍ടിസി എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ് ചെയ്യാവുന്നതാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.